പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്, പ്രധാനമന്ത്രിയെ പ്രശംസിച്ച് രശ്മിക മന്ദാന

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി രശ്മിക മന്ദാന. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. താരത്തിന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ ബിഹാരി വാജ്പേയി സെവ്രി – നാവ ഷെവ അടൽ സേതുവിനേക്കുറിച്ച് എഎൻഐയോട് സംസാരിക്കുകയായിരുന്നു അവർ. പ്രധാനമന്ത്രിയെ അഭിനന്ദിച്ച താരം, മുംബൈയിലെ ഗതാഗത ശൃംഖലയെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണിതെന്നും അഭിമുഖത്തിൽ വ്യക്തമാക്കി.

രണ്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്ര ഇനി 20 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാം. അത് നമ്മുക്ക് വിശ്വസിക്കാൻ പോലുമാകില്ല. ഇത് നടക്കുമെന്ന് ആരും കരുതിയിരുന്നില്ല. നവി മുംബൈയിൽ നിന്ന് മുംബൈയിലേക്കും ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നും മുംബൈയിലേക്ക് പോകാമെന്നും രശ്മിക കൂട്ടിച്ചേർത്തു.

എവിടെ പോകണമെങ്കിലും വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. ഞാനിതിൽ അഭിമാനിക്കുന്നു. എനിക്ക് തോന്നുന്നു ഇന്ത്യ എവിടെയും നിൽക്കുന്നില്ല, നമ്മുടെ രാജ്യത്തിൻ്റെ വളർച്ച തന്നെ നോക്കൂ. കഴിഞ്ഞ 10 വർഷമായി രാജ്യം എങ്ങനെ വളർന്നുവെന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. അടിസ്ഥാന സൗകര്യങ്ങൾ, നമ്മുടെ രാജ്യത്തെ വിവിധ പദ്ധതികൾ, റോഡ് ആസൂത്രണം അങ്ങനെ എല്ലാം വളരെ മികച്ചതാണ്. ഇതിപ്പോൾ നമ്മുടെ സമയമാണെന്ന് ഞാൻ കരുതുന്നു. ഏഴ് വർഷത്തിനുള്ളിൽ 20 കി.മീ പൂർത്തിയാക്കി. അത് വളരെ അതിശയകരമായ കാര്യമാണ്.

Scroll to Top