കട്ടപ്പാരയുമായി കക്കാനിറങ്ങുന്നതാ ഇതിലും ഭേദം, ഐപിഎല്ലിലെ അമ്പയറിങ്ങിനെ വിമർശിച്ച് ട്രോൾ പ്പൂരം

ഡൽഹി ഫീൽഡർ ഷായ് ഹോപ്പിന്റെ കാൽ ബൌണ്ടറി ലൈനിലെ കുഷ്യനിൽ തട്ടിയെന്ന് വ്യക്തമായിട്ടും കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കാതെ ഔട്ട് വിധിച്ച ഐപിഎല്‍ തേർഡ് അമ്പയറുടെ തീരുമാനത്തിൽ രോഷം പുകയുന്നു. സഞ്ജു റിവ്യൂ തേടിയിട്ടും നൽകാതെയാണ് അമ്പയർമാർ താരത്തെ തിരിച്ചയച്ചത്.

ഇന്നലെ രാത്രി മുതൽ കനത്ത പ്രതിഷേധമാണ് ഐപിഎല്ലിന്റേയും എതിരാളികളായ ഡൽഹി ക്യാപിറ്റൽസിന്റേയും പേജുകളിൽ കാണാനാകുന്നത്. ഐപിഎല്ലിലെ അമ്പയറിങ്ങിനെ വിമർശിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്.

അതേസമയം, ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ. അമ്പയറുടെ തീരുമാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം സഞ്ജു ലെവല്‍ 1 നിയമം ലംഘിച്ചതിനാണ് പിഴ.

ഔട്ടെന്ന അമ്പയറുടെ വിധിയില്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ അടുത്തെത്തി സഞ്ജു വാദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സഞ്ജു തെറ്റ് മനസിലാക്കിയതായും മാച്ച് റഫറിയുടെ തീരുമാനം അംഗീകരിച്ചതായും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു.

സഞ്ജുവിനെ പുറത്താക്കിയ ക്യാച്ച് എടുക്കുന്നതിനിടെ ഷായി ഹോപ് പന്ത് ബൗണ്ടറി റോപ്പില്‍ സ്പര്‍ശിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ക്യാച്ചിന്റെ നിയമസാധുതയെക്കുറിച്ച് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ഉറപ്പില്ലായിരുന്നു.

അവര്‍ മൂന്നാം അമ്പയറുടെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചു. ടിവി അമ്പയര്‍ ക്യാച്ച് വിവിധ കോണുകളില്‍ നിന്ന് പരിശോധിക്കാതെ തിടുക്കത്തില്‍ ഡല്‍ഹിക്ക് അനുകൂലമായി തീരുമാനം നല്‍കി.

ഇതേതുടര്‍ന്നാണ് ഡഗൗട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരുമായി സംസാരിച്ചു. അമ്പയറിങ് തീരുമാനത്തിനെതിരെ ഡിആര്‍എസ് എടുക്കാന്‍ സഞ്ജു ആഗ്രഹിച്ചെങ്കിലും നിയമങ്ങള്‍ അത് അനുവദിക്കുന്നില്ലെന്ന് അറിയിച്ചു. ഇതിനെ തുടര്‍ന്ന് അസ്വസ്ഥനായാണ് താരം മൈതാനം വിട്ടത്.

Scroll to Top