പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ആ കരുത്തുറ്റ ഹംസധ്വനിയുടെ അടുത്ത ചുവടുവയ്പ്പ് രണ്ടും കൽപ്പിച്ചായിരുന്നു. മലയാള സിനിമയിലേക്കെത്തുന്ന ആരും ആഗ്രഹിച്ചു പോകുന്ന ആ റോളിലേക്ക് അഞ്ജന ചുവടുറപ്പിക്കുകയായിരുന്നു. ടർബോയിലെ ഇന്ദുലേഖ കുറച്ചുകൂടെ സീരിയസ് കഥാപാത്രമാണെങ്കിലും തന്നെ കംഫോർട്ടബിൾ ആക്കാൻ എല്ലാവരും ശ്രമിച്ചുവെന്ന് അഞ്ജന ജയപ്രകാശ് പറയുന്നു. ടർബോയുടെ സെറ്റിൽ വച്ചാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. അത് ഷൂട്ട് ഇല്ലാത്തതുകൊണ്ട് തന്നെ സാക്ഷാൽ മമ്മൂട്ടിയുടെ ലൂക്കിലായിരുന്നു. കണ്ടപ്പോൾ തന്നെ ‘ഹംസധ്വനിയെ’ അറിയാം എന്ന് പറഞ്ഞു. അതോടെ ഹാപ്പിയായി.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും തന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് അഞ്ജന. ടർബോയിൽ സ്റ്റണ്ട് ചെയ്യുമ്പോൾ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ കയറിയ ഫീലായിരുന്നുവെന്നാണ് അഞ്ജന പറയുന്നത്. “എല്ലാ സ്റ്റണ്ടുകളും കൃത്യമായ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചാണ് ചെയ്തത്. എങ്കിലും എല്ലാവർക്കും ചെറിയൊരു പേടിയുണ്ടായിരുന്നു. സ്റ്റണ്ടിന്റെ ഭാഗമായി ഹാർനെസ് ഉപയോഗിച്ചു എന്നെ പൊക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. എനിക്ക് അതെല്ലാം പുതിയ കാര്യങ്ങളാണ്. അമ്യൂസ്മെന്റ് പാർക്കിൽ പോയി ഒരു റൈഡിൽ കേറുമ്പോൾ തോന്നുന്ന ഫീൽ ഇല്ലേ.
ഒരു പിരുപിരുപ്പ്! ആ അവസ്ഥയായിരുന്നു എനിക്ക്. മറുവശത്ത് മമ്മൂക്കയാണെങ്കിൽ എന്തിനും റെഡിയായി നിൽക്കുകയാണ്. അതുകൊണ്ട്, നമ്മളും ഒട്ടും കുറയ്ക്കാൻ പാടില്ലല്ലോ. ഡ്യൂപ്പ് പോലും വേണ്ടായെന്നു പറഞ്ഞ് ഫൈറ്റ് ചെയ്യാൻ നിൽക്കുകയാണ് മമ്മൂക്ക. അതുകൊണ്ട്, പേടിയൊന്നും പുറത്തു കാണിച്ചില്ല.”