കുടുംബത്തിലുള്ള ആരെയും വിഷമിപ്പിക്കാതെ മാക്‌സിമം നല്ല രീതിയില്‍ തന്നെയാണ് ബന്ധം അവസാനിപ്പിച്ചത്, എന്റെ മാതാപിതാക്കള്‍ക്കും അവരുടെ കാലഘട്ടത്തിലുള്ള ആളുകള്‍ക്കും ഡിവോഴ്സ് സാധാരണമായ കാര്യമല്ല- വിജയ് യേശുദാസ്

മലയാള സിനിമയിലെ പിന്നണി ഗായകന്മാരില്‍ പ്രമുഖനാണ് വിജയ് യേശുദാസ്. സംഗീത ലോകത്ത് തന്റെ കഴിവ് തെളിയിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ കുടുംബജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകാന്‍ വിജയ്ക്ക് സാധിച്ചിരുന്നില്ല. നാളുകള്‍ക്ക് മുന്‍പാണ് വിജയും ഭാര്യ ദര്‍ശനയും വിവാഹബന്ധം വേര്‍പിരിയുന്നത്. ഇതിനെപ്പറ്റി കൂടുതലൊന്നും വിജയ് പറഞ്ഞിട്ടില്ലെങ്കിലും ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ് താരം.

‘യേശുദാസിന്റെ മകനെന്ന നിലയിലും അല്ലാതെയും സെലിബ്രിറ്റി ആയത് കൊണ്ട് പേഴ്‌സണല്‍ ജീവിതത്തിലെ പ്രത്യേകിച്ച് വിവാഹമോചനമടക്കമുള്ള എല്ലാ കാര്യങ്ങളും തുറന്ന് പറയേണ്ടതായി വരാറുണ്ട്. എല്ലാം ഹാന്‍ഡില്‍ ചെയ്യാന്‍ സാധിച്ചു എന്ന് പറയാം. ഞങ്ങളുടെ കുടുംബത്തിലുള്ള ആരെയും വിഷമിപ്പിക്കാതെ മാക്‌സിമം നല്ല രീതിയില്‍ തന്നെയാണ് ബന്ധം അവസാനിപ്പിച്ചത്. ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി നല്ല പേരന്‍സായിരിക്കാനും ശ്രമിച്ചിരുന്നു. അതിന്റേതായ രീതിയില്‍ അത് പോയി കൊണ്ടിരിക്കുകയാണ്. വിവാഹമോചനം ഒരു ട്രോമാറ്റിക് ഫിലിംഗ് ആണെന്ന് പറയാനൊന്നും എനിക്ക് സമയമില്ല. ഒരു പക്ഷേ ഞാനതിനെ ക്രോസ് ചെയ്തുവെന്ന് വേണമെങ്കില്‍ പറയാം. ഞാനാണ് അതില്‍ വിക്ടിം ആയതെന്നോ ഞാനാണ് ട്രോമയിലായതെന്നോ ഇല്ല.

എന്നെക്കാളും വീട്ടുകാരായിരിക്കും ഇത് കാരണം കൂടുതല്‍ മോശം അവസ്ഥയിലൂടെ പോയിട്ടുണ്ടാവുക. അതുകൊണ്ട് എനിക്ക് കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടായെന്ന് പറയാം. ഞാനതുമായിട്ടും പൊരുത്തപ്പെടണം. ഭാര്യയില്‍ നിന്നും പിരിഞ്ഞു എന്നത് കൊണ്ട് ജീവിതം നിര്‍ത്താന്‍ പറ്റുമോ? പിള്ളേരുടെ സന്തോഷം ഇക്കാരണത്താല്‍ നഷ്ടപ്പെടാനും പാടില്ല. കുട്ടികള്‍ക്ക് അച്ഛന്റെയും അമ്മയുടെയും ഒപ്പം ഒന്നിച്ചാണോ, അല്ലെങ്കില്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്നതിനെ പറ്റിയൊന്നും കൂടുതലൊന്നും പറയാന്‍ സാധിക്കില്ല.

ഇന്നത്തെ കാലത്ത് ഇതൊക്കെ നോര്‍മലായി. പക്ഷേ എന്റെ മാതാപിതാക്കള്‍ക്കും അവരുടെ കാലഘട്ടത്തിലുള്ള ആളുകള്‍ക്കും അത് സാധാരണമായ കാര്യമല്ല. ഞങ്ങള്‍ക്കിടയില്‍ എന്തൊക്കെ നടന്നിട്ടുണ്ടെങ്കിലും കുടുംബത്തില്‍ സന്തോഷം കണ്ടെത്താന്‍ ഞങ്ങള്‍ രണ്ടാള്‍ക്കും സാധിക്കുന്നുണ്ട്. അത് തന്നെ വലിയ കാര്യമാണ്. പിന്നെ എന്റെ മകള്‍ അമേയയില്‍ നിന്ന് ഞങ്ങള്‍ വലിയൊരു പാഠം പഠിച്ചിരുന്നു. അവരുള്ളത് കൊണ്ടാണ് നമ്മളും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.

Scroll to Top