നെഞ്ചിന് വല്ലാത്ത ഒരു ഭാരം പോലെ, ആശുപത്രിയിൽ പോയി ആൻജിയോഗ്രാം ചെയ്തപ്പോൾ മൂന്ന് ബ്ലോക്ക്, അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി ചെയ്തു, ഒരു ദിവസത്തെ ഐസിയു ഉൾപ്പെടെ മൂന്ന് ദിവസത്തെ ആശുപത്രി വാസം, രോ​ഗ വിവരം പങ്കിട്ട് ഡോ. ബിജു

ഒരു യാത്ര പോകാനായി രാവിലെ എഴുന്നേറ്റപ്പോള്‍ തനിക്ക് അസ്വസ്ഥത തോന്നിയെന്നും ആഞ്ജിയോഗ്രാം ചെയ്തപ്പോള്‍ മൂന്ന് ബ്ലോക്ക് ഉള്ളതായി അറിഞ്ഞുവെന്നും ഡോ. ബിജു. ഇൻസ്റ്റാ​ഗ്രാമിൽ പങ്കിട്ട കുറിപ്പിലൂടെയാണ്സ ര്‍ജറിയും പൂര്‍ത്തിയാക്കി താന്‍ ഇപ്പോള്‍ റെസ്റ്റില്‍ ആണെന്ന് ബിജു പറഞ്ഞത്

കുറിപ്പിങ്ങനെ

വീണ്ടും സാധാരണ ജീവിതത്തിലേക്ക് . ഒന്നര മാസം മുൻപ് അപ്രതീക്ഷിതമായി ഹൃദയ സംബന്ധമായ ഒരു അസുഖം . ഒരു യാത്ര പോകാനായി വെളുപ്പിനെ എണീറ്റപ്പോൾ നെഞ്ചിന് ഒരു ഭാരം പോലെ . യാത്ര റദ്ദു ചെയ്തു പെട്ടന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ എത്തി . എല്ലാ പരിശോധനകളും നടത്തി . ഇ സി ജിയും എക്കോയും ഒക്കെ നോർമൽ . അടുത്ത ഏതാനും ദിവസത്തിനുള്ളിൽ പപ്പുവ ന്യൂ ഗിനിയയിലേക്ക് ഒരു ദീർഘ യാത്ര ഉള്ളത് അറിഞ്ഞപ്പോൾ കാർഡിയാക് സർജൻ ഡോ ചന്ദ്ര മോഹൻ പറഞ്ഞു .

ഏതായാലും യാത്ര ഒക്കെ ഉള്ളത് അല്ലേ നമുക്ക് വെറുതെ ഒരു ആഞ്ജിയോഗ്രാം ചെയ്തു നോക്കാം . കുഴപ്പം ഒന്നും ഇല്ലെന്നു ഉറപ്പിക്കാമല്ലോ . കുഴപ്പം ഒന്നുമില്ലെങ്കിൽ ഉച്ചയ്ക്ക് മുൻപേ വീട്ടിൽ പോകാം . ആൻജിയോഗ്രാം ചെയ്തപ്പോൾ ദാ മൂന്ന് ബ്ലോക്ക് . അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി ചെയ്യാമെന്ന് ഡോക്ടർ അറിയിച്ചു . മൂന്ന് ബ്ലോക്കും നീക്കി മൂന്ന് സ്റ്റെന്റ് ഇട്ടു . ഒരു ദിവസത്തെ ഐ സി യു ഉൾപ്പെടെ മൂന്ന് ദിവസത്തെ ആശുപത്രി വാസം . തുടർന്ന് സന്ദർശകരെ ഒട്ടുമേ അനുവദിക്കരുത് എന്ന ഡോക്ടറുടെ കർശന നിർദ്ദേശത്തോടെ ഒന്നര മാസത്തെ പരിപൂർണ്ണ വിശ്രമം . വീട്ടിൽ ബേബിയുടെ (വിജയശ്രീ) പൂർണ്ണ നിയന്ത്രണത്തിലും ചിട്ടയിലും ഒന്നര മാസം വിശ്രമം .

വായന , പപ്പുവ ന്യൂ ഗിനിയ സിനിമയുടെ ഓൺലൈൻ കോ ഓർഡിനേഷൻ ചർച്ചകൾ , ഉറക്കം, മരുന്നുകൾ ..ഒന്നര മാസത്തിനു ശേഷമുള്ള ചെക്ക് അപ് കഴിഞ്ഞപ്പോൾ ചില ചെറിയ ചെറിയ നിബന്ധനകളോടെ ജീവിതം സാധാരണ നിലയിലേക്ക് പോകാമെന്നു ഡോക്ടർ . ഇപ്പോൾ വീണ്ടും ജോലിക്ക് കയറി ….ജീവിതം അവിചാരിതമായ ഒരു ചെറിയ തടസ്സത്തിനു ശേഷം വീണ്ടും മുന്നോട്ട് … എത്രമേൽ അനിശ്‌ചതത്വം നിറഞ്ഞതാണ് നമ്മുടെ ഒക്കെ ഈ ജീവിതം …ഇടവേളയും ഫുൾ സ്റ്റോപ്പും ഒക്കെ ഏത് നിമിഷവും കടന്നു വരാവുന്ന ഒരു തിരശീല മാത്രമാണല്ലോ നമ്മൾ …

Scroll to Top